എന്റെ പേര് ഖാന്‍ എന്നല്ല. പക്ഷെ ഖാന്‍ എന്ന് പേരുള്ള ഒരു സഹപ്രവര്‍ത്തകന്‍ എനിക്കുണ്ടായിരുന്നു. പാക്കിസ്ഥാനിലെ ഏതോ ഒരു കുഗ്രാമത്തില്‍ ആണ് വീടെന്നും അദ്ദേഹം അയച്ചു കൊടുക്കുന്ന പണം കൊണ്ട് കഞ്ഞി കുടിക്കുന്ന ഒരു വലിയ കുടുംബം അവിടെയുണ്ടെന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. പേരില്‍ ഖാന്‍ ഉണ്ട് എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ തീവ്രവാദവുമായി മറ്റ് ബന്ധങ്ങളൊന്നും അയാള്‍ക്ക് ഉണ്ടായിരുന്നില്ല. കുടുംബത്തെ പട്ടിണിക്കിടരുത് എന്ന തീവ്രമായ ഒരു വാദം അയാള്‍ക്കുള്ളതായി എനിക്കറിയാം. അത് തീവ്രവാദം ആകാന്‍ ഇടയില്ല. ഉവ്വോ?. വര്‍ഷങ്ങള്‍ക്കു മുമ്പ് പാക്കിസ്ഥാനില്‍ ഒരു ഭൂകമ്പം ഉണ്ടായപ്പോള്‍ അയാളുടെ കൊച്ചു കൂര പൂര്‍ണമായും തകര്‍ന്നു. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഏക മകന്‍ മരിച്ചു. ബാക്കിയുള്ളവര്‍ കൃഷിയിടത്തില്‍ ആയിരുന്നതിനാല്‍ രക്ഷപ്പെട്ടു. ഉടനെ നാട്ടില്‍ പോകാന്‍ വേണ്ടത് ചെയ്തു തരണം എന്ന അഭ്യര്‍ഥനയുമായി എന്റെ ഓഫീസിലെത്തി അയാള്‍ പൊട്ടിക്കരഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.
അന്ന് നാട്ടില്‍ പോയ ശേഷം അയാള്‍ തിരിച്ചു വന്നിട്ടില്ല. വീട് പുതുക്കിപ്പണിതോ എന്നറിയില്ല. എങ്ങനെ ജീവിച്ചു പോകുന്നു എന്നും അറിയില്ല. പക്ഷെ ഒരു കാര്യം എനിക്ക് ഉറപ്പുണ്ട്. ജീവിച്ചിരിപ്പുണ്ടെങ്കില്‍ "മൈ നെയിം ഈസ് ഖാന്‍" എന്ന ഷാരൂഖ് ചിത്രം അയാള്‍ എങ്ങനെയെങ്കിലും കാണും. വലിയ സിനിമാ ഭ്രാന്തന്‍ ആയ അയാള്‍ക്ക് അമിതാബ് ബച്ചന്‍ കഴിഞ്ഞാല്‍ പിന്നെ ഇഷ്ടതാരം ഷാരൂഖ് ആണ്. ഭൂരിപക്ഷം പാക്കിസ്ഥാനികളെയും പോലെ ഒരൊറ്റ പാക് സിനിമാതാരത്തെ പോലും അയാള്‍ക്കും കണ്ടു കൂടാ.. “ദേഖ്നാ ഹേ തോ ഇന്ത്യന്‍ ഫിലിം ദേഖ്നാ, നഹീ തോ ഖര്മേ ബൈട്ട്നാ” എന്നൊരു പഴഞ്ചൊല്ല് പാക്കിസ്ഥാനില്‍ ഉണ്ട് എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ മൊത്തത്തില്‍ അവരുടെ മനോഭാവം അതാണ്.
അന്ന് നാട്ടില്‍ പോയ ശേഷം അയാള്‍ തിരിച്ചു വന്നിട്ടില്ല. വീട് പുതുക്കിപ്പണിതോ എന്നറിയില്ല. എങ്ങനെ ജീവിച്ചു പോകുന്നു എന്നും അറിയില്ല. പക്ഷെ ഒരു കാര്യം എനിക്ക് ഉറപ്പുണ്ട്. ജീവിച്ചിരിപ്പുണ്ടെങ്കില്‍ "മൈ നെയിം ഈസ് ഖാന്‍" എന്ന ഷാരൂഖ് ചിത്രം അയാള്‍ എങ്ങനെയെങ്കിലും കാണും. വലിയ സിനിമാ ഭ്രാന്തന്‍ ആയ അയാള്‍ക്ക് അമിതാബ് ബച്ചന്‍ കഴിഞ്ഞാല്‍ പിന്നെ ഇഷ്ടതാരം ഷാരൂഖ് ആണ്. ഭൂരിപക്ഷം പാക്കിസ്ഥാനികളെയും പോലെ ഒരൊറ്റ പാക് സിനിമാതാരത്തെ പോലും അയാള്‍ക്കും കണ്ടു കൂടാ.. “ദേഖ്നാ ഹേ തോ ഇന്ത്യന്‍ ഫിലിം ദേഖ്നാ, നഹീ തോ ഖര്മേ ബൈട്ട്നാ” എന്നൊരു പഴഞ്ചൊല്ല് പാക്കിസ്ഥാനില്‍ ഉണ്ട് എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ മൊത്തത്തില്‍ അവരുടെ മനോഭാവം അതാണ്.
ബാല്‍ താക്കറെ കഴിഞ്ഞാല്‍ ഷാരൂഖിന്റെ സിനിമ വിജയിച്ചു കാണണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന ഒരാള്‍ ഒരു പക്ഷെ എന്റെ ആ പഴയ സഹപ്രവര്‍ത്തകന്‍ ആയിരിക്കും. താക്കറെയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഷാരൂഖിനോടുള്ള സ്നേഹത്തില്‍ ഒരു പണത്തൂക്കത്തിന്റെ കുറവ് അയാള്‍ക്ക് കാണുമായിരിക്കും. കാര്യമെന്തായാലും ആള്‍ പാക്കിസ്ഥാനിയല്ലേ. ഒരു ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യക്കാരനോടുള്ള സ്നേഹം എന്തായാലും പാക്കിസ്ഥാനിക്ക് ഇന്ത്യക്കാരനോട് ഉണ്ടാവില്ലല്ലോ.. ഇനി ഉണ്ടെങ്കില്‍ തന്നെ നമുക്കത് സമ്മതിച്ചു കൊടുക്കാനും പറ്റില്ലല്ലോ.. “മൈ നെയിം ഈസ് ഖാന്‍” കളക്ഷന്‍ റിക്കോര്‍ഡുകള്‍ എല്ലാം ഭേദിച്ച് നിറഞ്ഞ സദസ്സില്‍ ലോകം മുഴുവന്‍ ഓടുകയാനെന്നാണ് പത്രങ്ങള്‍ പറയുന്നത്. ആദ്യ ദിവസം തന്നെ ഇരുനൂറ്റി അമ്പത് മില്യണ്‍ രൂപയുടെ കലക്ഷന്‍!!. ഇങ്ങനെയൊരു കളക്ഷന്‍ ഈ സിനിമക്ക് കിട്ടാന്‍ ഷാരൂഖിനെക്കാളും കഷ്ടപ്പെട്ടത് താക്കറെയാണ്. ഷാരൂഖിന് അഭിനയിച്ചങ്ങ് പോയാല്‍ മതി. ബാക്കി കാര്യങ്ങളൊക്കെ നോക്കാന്‍ താക്കറെ തന്നെ വേണം!.
“മൈ നെയിം ഈസ് ഖാന്‍” എന്ന സിനിമയെക്കുറിച്ച് ഞാനെന്തെങ്കിലും പറഞ്ഞാല്‍ ശ്രീമതി ടീച്ചര്‍ ഇംഗ്ലീഷ് പ്രസംഗിച്ച പോലെയാകും. പറയുന്നയാള്‍ക്കും കേള്‍ക്കുന്നയാള്‍ക്കും ഒന്നും മനസ്സിലാവില്ല. പക്ഷെ കേട്ടിടത്തോളം സിനിമ ഒരു സന്ദേശം നല്‍കുന്നുണ്ട്. “ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ” എന്ന പാട്ട് പാടി ചോക്കലേറ്റു പ്രേമത്തിന്റെ ഇട്ടാവട്ടത്തില്‍ കറങ്ങുന്ന സിനിമകള്‍ക്കിടയില്‍ തികച്ചും വ്യത്യസ്തമായ ഒരു പ്രമേയം ഈ സിനിമക്ക് ഉണ്ടെന്നും പറയപ്പെടുന്നു. സെപ്റ്റംബര്‍ പതിനൊന്നിന് ശേഷം രൂപപ്പെട്ടുവന്ന ഒരു പ്രത്യേക സാമൂഹ്യ ചുറ്റുപാടില്‍ സ്വന്തം വ്യക്തിത്വവും നിലനില്പും ചോദ്യം ചെയ്യപ്പെട്ട ഒരു മുസ്ലിം യുവാവിന്റെ മാനസിക സംഘര്‍ഷങ്ങള്‍ ആണ് ഈ സിനിമയുടെ കഥ.
ഖാന്‍ എന്ന കുടുംബ നാമം ജീവിതത്തിന്റെ വഴി മുടക്കിയപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിനെ നേരിട്ട് കണ്ടു അദ്ദേഹത്തിന്റെ മുഖത്ത് നോക്കി “My name is Khan, and I’m not a terrorist.” എന്ന് അയാള്‍ പറയുന്നുണ്ട്. ഈ വാചകം തന്നെയാണ് ആ സിനിമ നല്‍കുന്ന സന്ദേശവും. ഈ സന്ദേശം പ്രചരിപ്പിക്കാന്‍ താക്കറെയോളം പറ്റിയ ഒരാള്‍ ഇന്ത്യയില്‍ ഇല്ല. ഇത് നേരത്തെ തിരിച്ചറിഞ്ഞു ഈ പണി അയാളെ എല്പിച്ചിടത്താണ് ഷാരൂഖിന്റെ കിഡ്നിയെ നാം സമ്മതിച്ച് പോവുന്നത്.
മുംബൈ ഇന്ത്യക്ക് പുറത്താണ്, അതുകൊണ്ട് മാപ്പ് പറയുന്നതാണ് നല്ലത് എന്ന് പലരും അദ്ദേഹത്തെ ഉപദേശിച്ചതാണ്. തമിഴന്മാര്‍ ഒന്ന് തുമ്മിയപ്പോഴേക്ക് ഒരായിരം മാപ്പ് ഒന്നിച്ച് പറഞ്ഞ ജയറാമിന്റെ ഉദാഹരണവും പലരും എടുത്ത് കാച്ചി. എല്ലാരും മരത്തില്‍ കാണുമ്പോള്‍ മാനത്ത് കാണുന്നവനാണ് ഷാരൂഖ്. ഷാരൂഖാരാ മോന്‍ എന്ന് ഞാന്‍ മുമ്പേ പറഞ്ഞിട്ടുണ്ട്. ഈ സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി എന്നെക്കൊണ്ട് കഴിയുന്നത് ചെയ്യുക എന്ന ഉദ്ദേശമല്ല ഈ പോസ്റ്റിനു പിറകില്‍ ഉള്ളത്. ഇത് വിജയിച്ചാലും ഇല്ലെങ്കിലും എനിക്കൊരു ചുക്കുമില്ല. My Name Is NOT Khan.