മലയാള മനോരമയും മാതൃഭൂമിയും ബഹിഷ്കരിക്കുവാന്‍ ആഹ്വാനം ചെയ്തു കൊണ്ടുള്ള ഒരു ഇമെയില്‍ എനിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കിട്ടി. പൊതുവേ ഇത്തരം ഇമെയിലുകളൊന്നും ഞാന്‍ തുറക്കാറേ ഇല്ല. സബ്ജക്റ്റ് ലൈന്‍ നോക്കി ഡിലീറ്റ് ചെയ്യുകയാണ് പതിവ്. അമേരിക്കന്‍ ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സ്ഥിരമായി വരാറുള്ള വഴിപാടു മെയിലുകളുടെ കൂട്ടത്തിലാണ് ഞാന്‍ ഇത്തരം മെയിലുകളെ കാണാറുള്ളത്. ഒരു അന്താരാഷ്‌ട്ര ‘ഇടതു’ വായനക്കാരനും ബുദ്ധിജീവിയുമായ സുഹൃത്ത് ഉദയന്‍ ('ഉദയോവിസ്കി' എന്ന് ഞാന്‍വിളിക്കുന്ന ) അയച്ചതായത് കൊണ്ട് മാത്രമാണ് ഞാന്‍ ഈ മെയില്‍ തുറന്നത്. ചെക്കോവ്, കസാന്ത് സാക്കീസ്, സാര്‍ത്ര് തുടങ്ങി എന്‍റെ ചെറിയ ബുദ്ധിക്ക് ഉള്‍കൊള്ളാനാകാത്ത ഉരുപ്പടികള്‍ മാത്രം അയക്കുന്ന ഈ പഹയന് മനോരമയിലും മാതൃഭൂമിയിലും എന്ത് കാര്യം എന്ന ആകാംക്ഷയോടെ ഞാന്‍ ഓപ്പണ്‍ ക്ലിക്കി.
അപ്പോഴാണ് കാര്യം പിടി കിട്ടിയത്. എടവനക്കാട് മുസ്ലിം ജുമുഅത്ത് പള്ളി കമ്മറ്റി പ്രസിഡന്റ് കെ എം അബ്ദുല്‍ മുജീബ് എന്നയാള്‍ പേര് വെച്ച് എഴുതിയ ഒരു കത്താണ് ഉള്ളടക്കം. “എടവനക്കാട് മഹല്ലിലെ എല്ലാ മുസ്ലിം സംഘടനകളുടെയും ഇമാമുമാരുടെയും അംഗീകാരത്തോടെ രണ്ടായിരത്തി പത്ത് ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് മുപ്പത്തൊന്ന് വരെ മനോരമ, മാതൃഭൂമി പത്രങ്ങളെ ഈ മഹല്ലില്‍ നിന്നും ബഹിഷ്കരിക്കുകയാണ്, നിങ്ങളും സഹകരിക്കുക” എന്നതാണ് കത്തിന്റെ ആകെത്തുക.
അപ്പോഴാണ് കാര്യം പിടി കിട്ടിയത്. എടവനക്കാട് മുസ്ലിം ജുമുഅത്ത് പള്ളി കമ്മറ്റി പ്രസിഡന്റ് കെ എം അബ്ദുല്‍ മുജീബ് എന്നയാള്‍ പേര് വെച്ച് എഴുതിയ ഒരു കത്താണ് ഉള്ളടക്കം. “എടവനക്കാട് മഹല്ലിലെ എല്ലാ മുസ്ലിം സംഘടനകളുടെയും ഇമാമുമാരുടെയും അംഗീകാരത്തോടെ രണ്ടായിരത്തി പത്ത് ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് മുപ്പത്തൊന്ന് വരെ മനോരമ, മാതൃഭൂമി പത്രങ്ങളെ ഈ മഹല്ലില്‍ നിന്നും ബഹിഷ്കരിക്കുകയാണ്, നിങ്ങളും സഹകരിക്കുക” എന്നതാണ് കത്തിന്റെ ആകെത്തുക.
കുളത്തിനോട് പിണങ്ങി ചന്തി കഴുകാതിരിക്കരുത് എന്ന് കാരണവമാര്‍ പറയാറുണ്ട്. ചന്തി നമ്മുടേതാണ്, അത് കഴുകിയിട്ടില്ലെങ്കില്‍ കുളത്തിനു പ്രത്യേകിച്ച് കുഴപ്പമൊന്നും ഇല്ല എന്നാണു ആ പഴമൊഴി അര്‍ത്ഥമാക്കുന്നത്. അതുപോലുള്ള ഒരു വികാരമാണ് എനിക്ക് ആദ്യം തോന്നിയത് എങ്കിലും ഒരു മഹല്ല് നിവാസികള്‍ ഒന്നടങ്കം ഈ രണ്ടു പത്രങ്ങളെ ബഹിഷ്കരിക്കാന്‍ തീരുമാനിക്കണമെങ്കില്‍ അതിന് എന്തെങ്കിലും മതിയായ കാരണം കാണുമല്ലോ. അതുകൊണ്ട് തന്നെ രണ്ടു പേജുള്ള ആ കത്ത് ഞാന്‍ പൂര്‍ണമായും വായിച്ചു.
കത്തില്‍ എനിക്ക് ദഹിക്കാത്തതായി പലതും ഉണ്ടെങ്കിലും അപ്പാടെ തള്ളിക്കളയാവുന്ന ഒന്നല്ല അബ്ദുല്‍ മുജീബിന്റെ കത്ത്. കയ്യില്‍ കാശില്ലാത്തത് കൊണ്ട് ഒരായിരം പേര്‍ പത്രം വായിക്കുന്നത് നിര്‍ത്തിയാലും പത്രമുതലാളിയെ സംബന്ധിച്ചിടത്തോളം അതില്‍ ബേജാറാകേണ്ട കാര്യമില്ല. കയ്യില്‍ കാശുണ്ടാവുമ്പോള്‍ അവര്‍ വീണ്ടും വായന തുടങ്ങിക്കോളും. എന്നാല്‍ പത്രത്തിന്റെ ഉള്ളടക്കം ദഹിക്കുന്നില്ല എന്ന് പറഞ്ഞു ഒരാളെങ്കിലും വായന നിര്‍ത്തിയാല്‍ മുതലാളി ശ്രദ്ധിക്കണം. അത് പത്രത്തിന്റെ ക്രെഡിബിലിറ്റിയുടെ പ്രശ്നമാണ്. എടവനക്കാട് മഹല്ലിലെ പത്തോ നൂറോ പേര്‍ പത്രം നിര്‍ത്തിയാല്‍ മാത്തുക്കുട്ടിച്ചായന്‍ പത്രം പൂട്ടി കാശിക്ക് പോകില്ല. ആകാശം നോക്കി കുരിശ് വരച്ച് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു കൊള്ളണമെന്നുമില്ല. പക്ഷെ അതയാളുടെ ചെകിടത്ത് കിട്ടുന്ന ഒരടിയായി കണക്കാക്കണം. അതുകൊണ്ടാണ് ഈ ബഹിഷ്കരണം വാര്‍ത്തയാവുന്നത്.
മനോരമയും മാതൃഭൂമിയും ഇതിനു മാത്രം എന്ത് തെറ്റാണ് ചെയ്തത്? ഓരോ പ്രദേശത്തെയും മതവും ജാതിയും തിരിച്ചുള്ള വായനക്കാരുടെ കണക്കനുസരിച്ച് അവരവര്‍ക്ക് വേണ്ട വിഭവങ്ങളാണ് ദിവസവും നല്‍കിക്കൊണ്ടിരിക്കുന്നത്. മലപ്പുറത്ത് മമ്പുറം പള്ളിയും ആണ്ട് നേര്‍ച്ചയും കോട്ടയത്ത് കുരിശുപള്ളിയും കൂദാശയും തിരോന്തരത്ത് പദ്മനാഭസ്വാമിയും പൊങ്കാലയും സമയവും സന്ദര്‍ഭവും നോക്കി ഒന്നാം പേജില്‍ വിളമ്പിക്കൊടുക്കാന്‍ എന്തോരം പാടുപെടണം. എന്നിട്ടും നാട്ടുകാര്‍ക്ക് പരാതിയോ?.
ബഹിഷ്കരണത്തിന് കാരണമായി പറയുന്ന പല കാര്യങ്ങളോടും വ്യക്തിപരമായി എനിക്ക് വിയോജിപ്പുണ്ടെങ്കിലും ഒരു കാര്യം സമ്മതിക്കാതെ വയ്യ. ലവ് ജിഹാദ് വിഷയത്തില്‍ മനോരമയുടെ നേതൃത്വത്തില്‍ ചില മാധ്യമങ്ങള്‍ നടത്തിയ വിഷലിപ്തമായ പത്രപ്രവര്‍ത്തനം പതിനായിരക്കണക്കിനു പരമ്പരാഗത വായനക്കാരെ അവരില്‍ നിന്ന് അകറ്റിയിട്ടുണ്ട്. പത്രം ബഹിഷ്കരിച്ചാലും ഇല്ലെങ്കിലും അത്തരം റിപ്പോര്‍ട്ടുകള്‍ ആ പത്രങ്ങളുടെ വിശ്വാസ്യതയെ വല്ലാതെ ഉലച്ചിട്ടുണ്ട്. ഒരേ സ്കൂളില്‍ പഠിക്കുന്ന, ഒരേ ബെഞ്ചില്‍ ഇരിക്കുന്ന വിവിധ മതത്തിലും ജാതിയിലും പെട്ട പിഞ്ചു കുഞ്ഞുങ്ങളെ പരസ്പരം പകയോടെ നോക്കിക്കാണുവാന്‍ പ്രേരിപ്പിക്കുന്ന അസംബന്ധകഥകളുടെ കൊട്ടിഘോഷം അരങ്ങേറിയ ആ ദിനങ്ങള്‍ കേരളപത്രപ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും കറുത്ത നാളുകളാണ്. ഒരു നൂറ്റാണ്ട് വായിച്ചു വളര്‍ത്തിയ പൊതുസമൂഹത്തെ വെട്ടിമുറിച്ച് പരുന്തിന് ഇട്ടുകൊടുക്കാനുള്ള ശ്രമമായി അതിനെ കണ്ടവരുണ്ട്. സത്യവുമായി പുലബന്ധം പോലുമില്ലാത്ത കഥകള്‍ തുടരെത്തുടരെ പ്രസിദ്ധീകരിച്ച് കേരളത്തിലെ മതസൌഹൃദ സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ച പത്രം ‘മലയാളത്തിന്റെ സുപ്രഭാത’മായല്ല 'വിഷപ്രഭാത'മായാണ് ഒരു സമൂഹം കാണുന്നതെങ്കില്‍ അതിനവരെ കുറ്റം പറയാന്‍ കഴിയില്ല. കോടതിയും സര്‍ക്കാരും തള്ളിക്കളഞ്ഞ ഒറ്റപ്പെട്ട ആരോപണങ്ങളെ എതിര്‍ത്തില്ലെങ്കിലും അത് പ്രചരിപ്പിക്കാതിരിക്കാനുള്ള സാമാന്യമര്യാദയെങ്കിലും ഈ പത്രമുത്തശ്ശിമാര്‍ക്കില്ലാതെ പോയി. ഇത്തരം ജനവിരുദ്ധ സമീപനത്തോട് അര്‍ത്ഥഗര്‍ഭമായി പ്രതികരിക്കുവാന്‍ മുന്നോട്ട് വന്ന എടവനക്കാട് മഹല്ല് നിവാസികളെ ഞാന്‍ അഭിനന്ദിക്കുന്നു. ഏതാനും നാളുകള്‍ അത്തരം പത്രങ്ങളെ പടിക്ക് പുറത്തിരുത്തുന്നത് വഴി വായനക്കാരനും ചിലത് പറയാനുണ്ട് എന്ന സന്ദേശമാണ് അവര്‍ നല്‍കുന്നത്.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും മഹല്ല് കമ്മറ്റിയുടെ നോട്ടീസ് ഡ്രാഫ്റ്റ് ചെയ്തു കൊടുത്തത് ഒരു പീ ഡീ പി/എന്‍ ഡീ എഫ് പേന കൊണ്ടാണോ എന്ന് എനിക്ക് ഒരു ചെറിയ സംശയവും ഇല്ലാതില്ല. പത്രങ്ങളുടെ ജനവിരുദ്ധ നിലപാടുകകള്‍പ്പുറത്തേക്ക് കാര്യങ്ങളെ കൊണ്ടുപോകാനുള്ള ഒരു ശ്രമം വായിച്ചെടുക്കാനും കഴിയുന്നുണ്ട്. അത്തരം അജണ്ടക്കാര്‍ ഇതിനു പിന്നില്‍ ഉണ്ടെങ്കില്‍ അതീ ബഹിഷ്കരണ നീക്കത്തെ ശക്തിപ്പെടുത്തുകയല്ല മറിച്ച് ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. വാസ്തവ വിരുദ്ധമായ ചില പരാമര്‍ശങ്ങളും നോട്ടീസില്‍ ഉണ്ട്. ബാബരി മസ്ജിദ് തകര്‍ന്ന നാളുകളില്‍ മലയാള മാധ്യമങ്ങളില്‍ അന്തസ്സോടെ പ്രതികരിച്ച ഒരു പത്രമാണ് മാതൃഭൂമി. മാത്തുക്കുട്ടിച്ചായന്റെ പത്രമാണ് പതിവ് പോലെ ആണും പെണ്ണുംകെട്ട ഷണ്ഡത്വം കാട്ടിയത്. ഈ ഒരു വിഷയത്തിലെങ്കിലും മാതൃഭൂമിക്കെതിരെയുള്ള ആരോപണം വാസ്തവവിരുദ്ധമാണ് എന്ന് ഞാന്‍ പറയും.
എടവനക്കാട് എവിടെയാണെന്ന് എനിക്കറിയില്ല. എറണാകുളം ജില്ലയില്‍ വൈപ്പിന് അടുത്താണെന്ന് മനസ്സിലാക്കാന്‍ ഗൂഗിളില്‍ തിരയേണ്ടി വന്നു. കത്തില്‍ പറയുന്ന പ്രകാരം ആണെങ്കില്‍ ബഹിഷ്കരണം തുടങ്ങിയിട്ട് ഏതാണ്ട് ഒരു മാസമായി. കത്തിലെ ആഹ്വാനം മഹല്ലിലെ ജനങ്ങള്‍ എങ്ങനെയാണ് ചെവിക്കൊണ്ടത് എന്നറിയില്ല. അവിടത്തുകാര്‍ ആരെങ്കിലും ഈ ബ്ലോഗിന്റെ വായനക്കാര്‍ ആയി ഉണ്ടെങ്കില്‍ ബഹിഷ്കരണത്തിന്റെ ലേറ്റസ്റ്റ് വിവരം കമന്റ് കോളത്തില്‍ ഫ്ലാഷ് ന്യൂസ് ആയി ചേര്‍ക്കണം. അത് അറിയാന്‍ കൂടിയാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്.