ആദ്യമായി ഞാന്‍ എന്നെ അഭിനന്ദിക്കുന്നു. കാരണം എനിക്ക് ഒരു അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ബൂലോകം ഓണ്‍ലൈന്‍ കഴിഞ്ഞ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും നല്ല ആനുകാലിക ബ്ലോഗായി ഡോട്ട് കോം @ വള്ളിക്കുന്ന് തിരഞ്ഞെടുത്തതായി അവരുടെ ഫലപ്രഖ്യാപനത്തില്‍ കണ്ടു. സി എന്‍ എന്നും ബി ബി സിയുമൊന്നും വിവരം അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. ഇന്റര്‍വ്യൂ എടുക്കാന്‍ അവര്‍ ക്യാമറയുമായി ഇന്നെത്തും നാളെയെത്തും എന്ന് കരുതി രണ്ടാഴ്ചയോളമായി ഞാന്‍ കാത്തിരിക്കുന്നു. ഒരു ലുക്ക് കിട്ടാന്‍ വേണ്ടി ഫെയര്‍ ആന്‍ഡ് ലവ്‌ലി, ഫിയാമ ഡിവില്‍സ് തുടങ്ങിയവക്ക് കുറെ കാശും കളഞ്ഞു.
എല്ലാം വെറുതെയായി. ഒരു പട്ടി പോലും ഈ വഴി വന്നില്ല. ബ്രേക്കിംഗ് ന്യൂസ് ആയി കൊടുക്കേണ്ടിയിരുന്ന ഈ വാര്‍ത്ത തമസ്കരിച്ച എല്ലാ വരേണ്യ-സാമ്രാജ്യത്വ-സിണ്ടിക്കേറ്റ് മാധ്യമങ്ങളോടും ഞാന്‍ എന്റെ പ്രതിഷേധം അറിയിക്കുന്നു.
എല്ലാം വെറുതെയായി. ഒരു പട്ടി പോലും ഈ വഴി വന്നില്ല. ബ്രേക്കിംഗ് ന്യൂസ് ആയി കൊടുക്കേണ്ടിയിരുന്ന ഈ വാര്‍ത്ത തമസ്കരിച്ച എല്ലാ വരേണ്യ-സാമ്രാജ്യത്വ-സിണ്ടിക്കേറ്റ് മാധ്യമങ്ങളോടും ഞാന്‍ എന്റെ പ്രതിഷേധം അറിയിക്കുന്നു.
വായനക്കാരുടെ വോട്ടെടുപ്പിലൂടെയാണ് ബൂലോകം പോര്‍ട്ടല്‍ അവാര്‍ഡ് പരിപാടി തുടങ്ങിയത്. polldaddy എന്ന വോട്ടിംഗ് സൈറ്റ് വഴിയായിരുന്നു വോട്ടെടുപ്പ്. സംഗതി പുരോഗമിച്ചപ്പോള്‍ കള്ളവോട്ടു നടക്കുന്നുണ്ട് എന്ന ആരോപണം ഉയര്‍ന്നു. അങ്ങനെയാണെങ്കില്‍ എന്റെ ബ്ലോഗിനെ മത്സരത്തില്‍ നിന്ന് മാറ്റണം എന്ന് ഞാന്‍ അവരോടു രേഖാമൂലം ആവശ്യപ്പെട്ടു. (നമ്മുടെ പ്രെസ്റ്റീജ് കാക്ക കൊത്താന്‍ അനുവദിക്കരുതല്ലോ) കള്ളവോട്ട് നടന്നിട്ടുണ്ടെങ്കില്‍ അതിനെ മറികടക്കാനായി ഒരു വിദഗ്ദ പാനല്‍ ബ്ലോഗുകള്‍ പരിശോധിച്ച് അവസാന വിധി നിര്‍ണയം നടത്തുമെന്ന്നു ബൂലോകം പറഞ്ഞു. എന്നാല്‍ ശരി എന്ന് ഞാനും.
അങ്ങിനെ വിധി നിര്‍ണയം വന്നു. ഏറ്റവും നല്ല ബ്ലോഗറായി പോങ്ങുമ്മൂടനും ഹാസ്യ ബ്ലോഗറായി ബെര്‍ളിയും (ബെര്‍ളി കേസ് കൊടുക്കാതിരുന്നാല്‍ മതിയായിരുന്നു) ആനുകാലിക വിഭാഗത്തില്‍ എന്നെയും തിരഞ്ഞെടുത്തു. ഫോട്ടോ ബ്ലോഗ്, നവാഗത ബ്ലോഗ് തുടങ്ങി വേറെയും പല വിഭാഗങ്ങളില്‍ ആയി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു . സ്വീകരണ പരിപാടിക്കാര്‍ ഇപ്പോള്‍ വിളി തുടങ്ങും എന്ന് പ്രതീക്ഷിച്ച് രണ്ടാഴചയോളം ഞാന്‍ കാത്തു. ഇനിയും എനിക്ക് ക്ഷമിക്കാന്‍ വയ്യ. ആരുടേയും അഭിനന്ദനം കിട്ടാത്തത് കൊണ്ടാണ് ഞാന്‍ തന്നെ എന്നെ അഭിനന്ദിക്കാന്‍ തീരുമാനിച്ചത്. എന്റെ സ്വന്തം കാര്യത്തില്‍ എനിക്കെങ്കിലും ഒരു ശ്രദ്ധ വേണ്ടേ?. അതുകൊണ്ട് ഇന്ന് വൈകിട്ട് ഒരു പൊന്നാട വാങ്ങി ഞാന്‍ തന്നെ എന്നെ അണിയിക്കും. ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കില്‍ പറയണം.
ഇത് ഞാന്‍ പോസ്റ്റിക്കഴിഞ്ഞാല്‍ ഉടനെ വരാനിടയുള്ള ചില കമ്മന്റുകള്‍ ഞാന്‍ മുന്‍കൂട്ടി എഴുതുന്നു. അതുകൊണ്ട് ആ കമന്റുകള്‍ ഇനിയാരും എഴുതി സമയം കളയേണ്ട.
കമന്റ്റ് ഒന്ന്: ഇത് ഏത് കോപ്പിലെ അവാര്‍ഡാണ് ഹേ..?.. ഏറ്റവും നല്ല ആനുകാലിക ബ്ലോഗറായി താങ്കളെ തിരഞ്ഞെടുത്ത എമ്പോക്കികളെ ചവിട്ടണം. മലയാളത്തില്‍ വേറെ എത്ര നല്ല ബ്ലോഗുകള്‍ ഉണ്ട്. ഇത് നിങ്ങള്‍ കുറച്ചു പേര്‍ ഒരു കറക്ക് കമ്പനിയുണ്ടാക്കി ഒപ്പിച്ചെടുത്തതല്ലേ. ഇതുപോലെ ആയിരം അവാര്‍ഡ് വേണമെങ്കില്‍ ഞാന്‍ തരാം.
കമന്റ് രണ്ട്: ആ വോട്ടെടുപ്പ് ഒരു തട്ടിപ്പ് നാടകം ആയിരുന്നു. ബൂലോകം ഓണ്‍ലൈന്‍ എന്ന സൈറ്റിന് ഹിറ്റ് കൂട്ടാന്‍ വേണ്ടി അവര്‍ കളിച്ച കളിയില്‍ ബഷീര്‍ക്കാ നിങ്ങള്‍ എന്തിനാണ് നിന്ന് കൊടുത്തത്. അവരുടെ സഹായം ഇല്ലാതെ തന്നെ നിങ്ങള്‍ക്ക് വായനക്കാരെ കിട്ടുമല്ലോ.. അത്യാവശ്യം എഴുതാന്‍ കഴിയുന്ന നിങ്ങള്‍ ഇങ്ങനെ തരം താഴരുത്. ഏതു തുണിക്കടയിലും പൊന്നാട കിട്ടും. അത് വാങ്ങി തോളിലിടാന്‍ അവാര്‍ഡ് കിട്ടണം എന്നില്ല.
കമന്റ് മൂന്ന്: വിദഗ്ദ പാനല്‍ എന്ന് പറഞ്ഞ് തുടക്കത്തില്‍ മലയാളത്തിലെ പേര് കേട്ട സാഹിത്യകാരന്‍മാരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച ബൂലോകം അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവരില്‍ ആരെയും ആ ലിസ്റ്റില്‍ കണ്ടില്ല. കിട്ടിയ അവാര്‍ഡ് തിരിച്ച് കൊടുത്ത് മാനം കാക്കുന്നതാണ് നല്ലത്.
കമന്റ് നാല്: പ്രിയ ബഷീര്‍, അസൂയാലുക്കള്‍ പലതും പറയും. എല്ലാ അവാര്‍ഡുകള്‍ക്കും ഇത് പതിവുള്ളതാ.. താങ്കളുടെ ബ്ലോഗ് ഈ അവാര്‍ഡിന് എന്തുകൊണ്ടും അര്‍ഹമാണ്. അവാര്‍ഡ് ലിസ്റ്റില്‍ പേര് വരാന്‍ തിക്കിത്തിരക്കിയ പലരും അവാര്‍ഡ് കിട്ടാതായപ്പോള്‍ അതിനെ എതിര്‍ക്കുകയാണ്. അത് കാര്യമാക്കേണ്ട. തുടര്‍ന്നും കിടിലന്‍ പോസ്റ്റുകള്‍ എഴുതൂ. താങ്കളുടെ പോസ്റ്റുകള്‍ക്കായി കണ്ണില്‍ എണ്ണയൊഴിച്ച് ഞാന്‍ കാത്തിരിക്കുന്നു.
ഇതിലൊന്നും പെടാത്ത വല്ല കമന്റുകളും ഉണ്ടെങ്കില്‍ അത് ഇവിടെ എഴുതാം .
മ്യാവൂ: അവാര്‍ഡ് കിട്ടിയ വിവരം ഞാന്‍ ഭാര്യയോട് പറഞ്ഞു. അപ്പോള്‍ അവള്‍ ചുണ്ട് കോട്ടി ഒരു ചിരി ചിരിച്ചു. ആ ചിരിയുടെ അര്‍ത്ഥം എനിക്കിത് വരെ പിടികിട്ടിയിട്ടില്ല. എന്തോ ആവട്ട്... ഗുഡ് നൈറ്റ്..