
എം കെ ഗാന്ധിയെക്കുറിച്ചും ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിനെക്കുറിച്ചും ചിലതൊക്കെ പഠിച്ചിട്ടുണ്ടായിരുന്നു. പരീക്ഷയെഴുതാന്‍ പഠിക്കുന്നതായത് കൊണ്ട് എഴുതിക്കഴിഞ്ഞാല്‍ വല്ലാതെയൊന്നും ഓര്‍മയില്‍ നില്‍ക്കില്ല. ഉറക്കത്തില്‍ കണ്ട പോലുള്ള ഒരു ഓര്മ മാത്രമേ ഇപ്പോഴുള്ളൂ.. താങ്കളുടെ മുതുമുത്തച്ഛനെക്കുറിച്ചും ചിലതൊക്കെ പഠിച്ചിട്ടുണ്ടായിരുന്നു. അതും ഏതാണ്ട് മറന്ന മട്ടാണ്. ഞങ്ങളുടെ തലമുറയ്ക്ക് ശരിക്കും ഓര്‍മയുള്ള കോണ്ഗ്രസ്സ് ഉണ്ണിത്താന്‍ ജിയും തിവാരീജിയും ഒക്കെ കാണിച്ചു തന്ന കോണ്ഗ്രസ്സ് ആണ്. കരുണാകരന്‍ജിയും മക്കളും ജീവിച്ചു കാണിച്ചു തന്ന കോണ്ഗ്രസ്സ്... ഇപ്പോഴും കാണിച്ചു തന്നു കൊണ്ടിരിക്കുന്ന കോണ്ഗ്രസ്സ്.
അത് കൊണ്ടാണ് വീണ്ടും ചോദിക്കുന്നത്. രാഹുല്‍ ജീ, അങ്ങ് കോണ്ഗ്രസ്സാണോ?. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന ചെറുപ്പക്കാരുടെ നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ അങ്ങയുടെ രൂപവും വല്ലപ്പോഴുമൊക്കെ മിന്നി മറഞ്ഞിട്ടുണ്ട്. ചിലപ്പോഴൊക്കെ നിറം മങ്ങാറുണ്ടെങ്കിലും അത് പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ല. മനോരമ പറയുന്ന പോലെ 'പ്രതീക്ഷയുടെ വസന്തം' എന്നൊക്കെ പറയാന്‍ ആവില്ലെങ്കിലും ഒരു ചെറിയ പ്രതീക്ഷ ഞങ്ങള്‍ക്ക് ഇപ്പോഴും അങ്ങയിലുണ്ട്. മുംബൈ ശിവസേനക്കാരുടെ തറവാട്ടു സ്വത്തല്ല എന്ന് മധുരമായി പറഞ്ഞു കൊണ്ടുള്ള ഈ യാത്രയും നീല ജീന്‍സും കറുത്ത ടീ ഷര്‍ട്ടും ധരിച്ചു ചൊക ചൊകപ്പന്‍ സുന്ദരനായി ഇന്നലെ കേരളത്തിലേക്ക് നടത്തിയ മിന്നല്‍ സന്ദര്‍ശനവും ഒക്കെ ഞങ്ങള്‍ക്ക് ഇഷ്ടമായി. പിടിച്ചു നില്‍ക്കാന്‍ ഇതുപോലുള്ള ചില നമ്പരുകള്‍ ഇടയ്ക്കിടയ്ക്ക് കാണിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല എന്നും ഞങ്ങള്‍ കരുതുന്നു. പക്ഷേ ഒരപേക്ഷയുണ്ട്.. ഒരേയൊരപേക്ഷ. താങ്കള്‍ ഞങ്ങള്‍ കണ്ടു ശീലിച്ച ഈ ''കോണ്ഗ്രസ്സ്'' ആവരുത്. പ്ലീസ്.., താങ്കളും കൂടെ "കോണ്ഗ്രസ്സ് " ആയാല്‍ പിന്നെ ഞങ്ങളെപ്പോലുള്ളവര്‍ക്ക് കമ്മ്യൂണിസ്റ്റ് ആവുക എന്ന ഒരൊറ്റ വഴിയേ ബാക്കി കാണൂ.. ആ കടും കൈ ഞങ്ങളെക്കൊണ്ട് ചെയ്യിക്കരുത്.