
രാഷ്ട്രീയ നേതാക്കന്മാര്‍ ഫാസിസ്റ്റ് സ്വഭാവം കാണിക്കുന്നത് നമുക്ക് പുതുമയുള്ള ഒന്നല്ല. ശക്തമായ ജനകീയാടിത്തറയും ജനാധിപത്യാടിത്തറയുമുള്ള പാര്‍ട്ടികളുടെ തലപ്പത്തിരിക്കുന്ന നേതാക്കന്മാര്‍ക്ക് പോലും ആള്‍ക്കൂട്ടത്തിന്റെ ആര്‍പ്പ് വിളികള്‍ ചിലപ്പോള്‍ സ്വബോധം നഷ്ടപ്പെടുത്തും. ഫാസിസ്റ്റ് രീതികളുടെ ചില ചെറുകിട അഭ്യാസ പ്രകടനങ്ങള്‍ അത്തരം വേളകളില്‍ നമുക്ക് കാണാന്‍ പറ്റാറുണ്ട്. സ്വബോധം തിരിച്ചു കിട്ടുമ്പോള്‍ അത്തരം വീഴ്ചകളെ തിരിച്ചറിയാനും തിരുത്താനും അവര്‍ തയ്യാറാകാറുമുണ്ട്. പക്ഷെ ഈയിടെയായി കേരള രാഷ്ട്രീയത്തില്‍ ഫാസിസ്റ്റ് സ്വഭാവം സ്ഥായിയായ ഒരു സംഘടിത ശൈലിയായി രൂപം മാറുന്നില്ലേ എന്ന സംശയം ഉയര്‍ന്നു വരുന്നുണ്ട്.
വെട്ടുമെന്നും തട്ടുമെന്നുമൊക്കെ പറയുന്നത് ഏതെങ്കിലും ഇസ്പേട് ഏഴാം കൂലികളല്ല. നിയമസഭക്കകത്തിരുന്ന് നമ്മെയൊക്കെ ഭരിച്ച മന്ത്രിയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തല മുതിര്‍ന്ന (തലയില്‍ എന്തെങ്കിലും ഉണ്ട് എന്ന അര്‍ത്ഥത്തിലല്ല ഞാനിത് പ്രയോഗിക്കുന്നത്) നേതാവാണ് ഇത് പറയുന്നത് എന്നോര്‍ക്കണം. പത്തറുപത് വര്ഷം മുമ്പ് ഭൂമി കയ്യേറിയാണ് സി പി ഐ മൂന്നാറില്‍ പാര്‍ട്ടി ഓഫീസുണ്ടാക്കിയത് എന്ന് പറയുന്നില്ല. പക്ഷെ അത്തരം ഒരു ആരോപണം ഉയര്‍ന്നു വന്നാല്‍ അതിനെ സമചിത്തതയോടെ നേരിടുകയാണ് ഒരു പാര്‍ട്ടി നേതൃത്വം ചെയ്യേണ്ടത്. വെട്ടുമെന്നും തട്ടുമെന്നുമൊക്കെ പറയുന്നത് ഫാസിസം തന്നെയാണ്.
‘എടോ ഗോപാലകൃഷ്ണാ’ എന്ന വിളിയില്‍ പോലും ഒരു കുട്ടി ഫാസിസ്റ്റ് ഒളിഞ്ഞിരിപ്പുണ്ട്. നിന്നെയൊക്കെ എന്ത് ചെയ്യണമെന്നു ഞങ്ങള്‍ക്കറിയാം എന്ന ഒരു താക്കീതാണ് ആ പദപ്രയോഗത്തില്‍ വായിച്ചെടുക്കാവുന്നത്. ഇനിയീ വഴിക്ക് വന്നാല്‍ തട്ടിക്കളയും എന്ന് സാഹിത്യകാരന്‍ സക്കറിയയെ ഡിഫിക്കുട്ടികള്‍ താക്കീത് ചെയ്യുമ്പോഴും മൂര്‍ച്ച കൂടി വരുന്ന ഒരു ഫാസിസ്റ്റ് രീതിയെയാണ് നാം കാണുന്നത്.
ഫാസിസം എന്നത് ഏതങ്കിലും ഒരു വ്യക്തിയുടെ അടിച്ചമര്‍ത്തല്‍ രീതിയല്ല. അതൊരു ആള്‍ക്കൂട്ടപ്രവണതയാണ്. ജര്‍മനിയില്‍ ഫാസിസം അധികാരത്തിലെത്തിയത് വോട്ടെടുപ്പിലൂടെയാണ്. അതുകൊണ്ട് തന്നെ ഫാസിസ്റ്റ് രീതികള്‍ക്ക് ജനകീയാടിത്തറ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന നേതാക്കന്മാരെ തിരിച്ചറിയുക എന്നത് ഒരു ജനാധിപത്യ സമൂഹത്തിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ് . മാര്‍ക്സിസ്റ്റ് ആയാലും കൊള്ളാം കോണ്ഗ്രസ്സ് ആയാലും കൊള്ളാം 'തൊട്ടാല്‍ വെട്ടുമെന്ന്' പറയുന്നത് വെച്ച് പൊറുപ്പിക്കാന്‍ പറ്റില്ല.