കാര്യങ്ങള്‍ ഇക്കണക്കിനു പോവുകയാണെങ്കില്‍ അടുത്തു തന്നെ ഞാനൊരു കോണ്ഗ്രസ്സുകാരനാവാനുള്ള സാധ്യതയുണ്ട്. താങ്കള്‍ കൊണ്ഗ്രസ്സായാല്‍ ഞങ്ങള്‍ക്കെന്താ കൂവേ എന്ന് ഇത് വായിക്കുന്ന ഒരുമാതിരിപ്പെട്ട എല്ലാവരും ചോദിക്കും. ശരിയാണ്, അതെന്റെ സ്വന്തം കാര്യമാണ്. എന്റെ വളരെ അടുത്ത ഒരു സുഹൃത്ത് ഇന്നലെ എന്നോട് പറഞ്ഞു. “താങ്കളുടെ ബ്ലോഗില്‍ ഇയ്യിടെയായി സഖാക്കളെ വല്ലാതെ വിമര്‍ശിക്കുന്നതായി പരാതിയുണ്ട്. അതുകൊണ്ട് ഇടക്കൊക്കെ കോണ്‍ഗ്രസ്സുകാരെയും കൈകാര്യം ചെയ്യണം”. വളരെ ആത്മാര്‍ത്ഥമായി പറഞ്ഞ ആ അഭിപ്രായം എന്റെ മനസ്സില്‍ തട്ടി. അടുത്ത പോസ്റ്റില്‍ കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും കോണ്‍ഗ്രസ്സുകാരുടെ മേക്കട്ടു കയറി ഒന്ന് ബാലന്‍സ് ചെയ്യുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ഞാന്‍ ഉറപ്പിച്ചതാണ്. പക്ഷെ പൊതിരെ തല്ലു കൊണ്ടപ്പോള്‍ പണ്ടൊരു കളരി ഗുരുക്കള്‍ പറഞത് പോലെ 'കാലൊന്നു നിലത്തുറച്ചിട്ടു വേണ്ടേ അടവെടുക്കാന്‍' എന്ന അവസ്ഥയാണ് ഇപ്പോള്‍ .. കോണ്‍ഗ്രസ്സുകാരുടെ നേരെ തിരിയാന്‍ സഖാക്കള്‍ സമ്മതിച്ചിട്ടു വേണ്ടേ..
ഡീ വൈ എഫ് ഐ ക്കാര് ഇന്നലെ സാഹിത്യകാരന് സക്കറിയയെ പയ്യന്നൂരില്‍ തടഞ്ഞു വെച്ച് തെറി വിളിച്ചു. കാറിന്റെ ചാവി പിടിച്ചു വെച്ചു. അല്പം ചില ഉന്തും തള്ളും നടത്തി. ഇനി ഈ വഴി വന്നാല്‍ ജീവനോടെ തിരിച്ചു പോകില്ല എന്ന് താക്കീതും നല്കി. സക്കറിയ ചെയ്തതു ഇത്ര മാത്രം. പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ മധു നായര്‍ രചിച്ച 'ഗാബോയുടെ നാട്ടിലും വീട്ടിലും' എന്ന പുസ്തകപ്രകാശനത്തിനുശേഷം 'യാത്രകളുടെ എഴുത്ത്' എന്ന സെമിനാറില്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കുന്ന കൂട്ടത്തില്‍ മഞ്ചേരിയിലെ സഖാക്കളെയും പീ ഡീ പീ ക്കാരെയും വിമര്‍ശിച്ചു. വയനാട്ടിലേക്ക് പോവുകയായിരുന്ന 'പാവം ഉണ്ണിത്താനെ' ആവശ്യമില്ലാതെ തടഞ്ഞു വെച്ചു ബുദ്ധിമുട്ടിച്ചത് ശരിയായില്ല എന്നും അതയാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും സക്കറിയ പറഞ്ഞു. ഇതാണ് പയ്യന്നൂരിലെ സഖാക്കളെ ചൊടിപ്പിച്ചത്. കാര്യം സക്കറിയ പറഞ്ഞതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. മഞ്ചേരിക്കാര്‍ ചെയ്തത് ആണ്‍കുട്ടികള്‍ ചെയ്യേണ്ട പണി തന്നെയാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. നാടിനെ സേവിക്കാന്‍ വായിട്ടലച്ചു നടക്കുന്ന ഒരു വേന്ദ്രന്റെ തനി സ്വരൂപം ‘തൊണ്ടി’ സഹിതം പിടിച്ചു പോലീസില്‍ ഏല്പിച്ച നാട്ടുകാര്‍ക്ക് ഒരു അവാര്‍ഡ് കൊടുക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ( ഉണ്ണിത്താനേ ഇത് കലക്കി എന്ന പോസ്റ്റ് ഓര്‍ക്കുന്നുണ്ടാവുമല്ലോ ). എന്ന് വെച്ചു ഈ വിഷയത്തില്‍ കേരളത്തിലെ എല്ലാവരും അതെ അഭിപ്രായക്കാരാവണം എന്ന് പറയുന്നതിനോട് യോജിക്കാന്‍ ആവില്ല. സക്കരിയക്ക് അദ്ധേഹത്തിന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പ്രത്യേകിച്ചും ഇപ്പോള്‍ പണ്ടത്തെപ്പോലെ കഥയെഴുത്ത് ക്ലച്ച് പിടിക്കാത്തതിനാല്‍ അല്പ സ്വല്പം പ്രസംഗവും ശില്പശാലകളും ഒക്കെയായി ജീവിച്ചു പോവുകയാണ് പാവം. പയ്യന്നൂരില്‍ ഇനി വന്നാല്‍ പരിപ്പെടുക്കും എന്നൊക്കെ പറയാന്‍ അവിടം സഖാക്കള്‍ക്ക് സ്ത്രീധനമായി കിട്ടിയ വല്ല സ്ഥലവുമാണോ എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല. അത് മറ്റാരെങ്കിലും ചോദിക്കട്ടെ..
ഇങ്ങനെയുള്ള ചട്ടമ്പിത്തരങ്ങള്‍ സഖാക്കള്‍ എന്നല്ല, കായംകുളം കൊച്ചുണ്ണി തന്നെ ചെയ്താലും വിവരമുള്ളവര്‍ എതിര്‍ക്കും. അതില്‍ വിഷമിച്ചിട്ടു കാര്യമില്ല. ഇന്റര്‍നെറ്റില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരെ വലിയ പ്രചാരണങ്ങള്‍ നടക്കുന്നു എന്നും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ബ്ലോഗുകള്‍ തുടങ്ങണമെന്നും ഡീ വൈ എഫ് ഐ സമ്മേളനത്തില്‍ പറഞ്ഞ് മൈക്ക് ഒഫാക്കുന്നതിനു മുമ്പാണ് പ്രമുഖ മലയാള സാഹിത്യകാരനെതിരെ ഈ കയ്യേറ്റം നടന്നത്. ഇന്റര്‍നെറ്റില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരെ പ്രചാരണങ്ങള്‍ നടക്കുന്നതിന്റെ കാരണം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ സഖാക്കള്‍ കുറവായത് കൊണ്ടല്ല. എന്റെ അഭിപ്രായത്തില്‍ ബ്ലോഗു എഴുതുന്നവരിലും വായിക്കുന്നവരിലും സഖാക്കളാണ് കൂടുതല്‍. എന്റെ അനുഭവം വെച്ചാണ് ഞാന്‍ ഇത് പറയുന്നത്.പയ്യന്നൂരുകാര് ചെയ്തത് പോലുള്ള കലാപരിപാടികള്‍ ആര് ചെയ്താലും ആളുകള്‍ വിമര്‍ശിക്കും. പാര്‍ട്ടിയുടെ കൊടി നോക്കിയല്ല അത് ചെയ്യുന്നത് . സക്കറിയ പാവമാണ്, അയാളുടെ പരിപ്പെടുക്കരുത്..
കമന്റടിക്കാന്‍ ഇത് വഴി പോകാം
കമന്റടിക്കാന്‍ ഇത് വഴി പോകാം