
അതായത് ദുരന്ത കഥയിലെ ക്ലൈമാക്സ് പോലെ നിലവിളിക്കുന്ന വീണക്കമ്പി നാദത്തിന്റെ പാശ്ചാത്തല സംഗീതത്തോടെ ഞൊണ്ടി ഞൊണ്ടി നടന്നു പോകുന്ന ഒരു നായകന് !!! ഇതിലേതാണ് നമുക്ക് കാണേണ്ടി വരിക .. ? അല്പം കൂടെ കാത്തിരിക്കുക.
ഇന്ത്യാവിഷന് കഥയിലെ വില്ലനായിരുന്നു ഹസ്സന് ചേളാരി. ഡോ: മുനീറിന്റെ ലേഖനം വായിച്ചപ്പോള്‍ പാണന്മാര് പാടി നടന്നിരുന്ന വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തുവിന്റെ ഇമേജാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പക്ഷെ മാതൃഭൂമിയുടെ നവംബര്‍ 1-7 ലക്കത്തില്‍ ചതിയന്‍ ചന്തു വടക്കന്‍ വീരഗാഥയിലെ മമ്മൂട്ടിച്ചേകവരായി മാറുന്നതാണ് നാം കാണുന്നത്. ഹസ്സന് ചേളാരി തന്റെ ലേഖനത്തിലൂടെ ഡോ മുനീറിനെ അക്ഷരാര്‍ത്ഥത്തില്‍ ഇടിച്ചു പരത്തി ചമ്മന്തിയാക്കിയിരിക്കുന്നു.

ഹസ്സന് സാഹിബിന്റെ വരികള്‍ ഉദ്ധരിക്കാം.. "ഇന്ത്യാവിഷന് എന്റെ ആശയമാണ്, ശിശുവാണ്, വര്‍ഷങ്ങള്‍ നീണ്ടു നിന്ന എന്റെ പ്രയത്നത്തിന്റെ സാഫല്യമാണ്. വ്യാജ ജന്മ രേഖ ചമച്ച് സീ എച്ചിന്റെ പുത്രന് അതിന്റെപിതൃത്വം അവകാശപ്പെട്ടിരിക്കുന്നു" ഹസ്സന് ചേളാരിയുടെ (അതോ ഹസ്സന് ചേകവരോ) ലേഖനത്തിന്റെ ആകെത്തുക ഈ വരികളിലുണ്ട്. അതിനെ സ്ഥാപിക്കാന്‍ പര്യാപ്തമായ ഒട്ടേറെ സംഭവ വികാസങ്ങള്‍ ഹസ്സന് വിശദീകരിക്കുന്നുണ്ട്. ഹസ്സന്റെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ കൊടിയ ചതി തന്നെയാണ് മുനീര്‍ സാഹിബ് അദ്ദേഹത്തോട് കാണിച്ചിരിക്കുന്നത്.

മറ്റൊരു ബോംബ് ഇങ്ങനെ " ചെയര്മാന് സ്ഥാനത്തേക്ക് ഒരാളെ കണ്ടെത്തേണ്ടതുണ്ടായിരുന്നു. നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, എം ടി, വ്യവസായ പ്രമുഖരായ ക്യാപ്റ്റന്‍ കൃഷന് നായര്‍, ഗള്‍ഫാര്‍ മുഹമ്മദ് അലി, പീ വീ അബ്ദുല്‍ വഹാബ്, യൂസഫലി തുടങ്ങി കേരളീയ സമൂഹത്തില്‍ സ്വീകാര്യരായ പല പേരുകളും ചര്‍ച്ച ചെയ്യപ്പെട്ടു. ഈ പാശ്ചാത്തലത്തിലാണ് തന്റെ നേതൃത്വത്തില്‍ പുതിയൊരു ടീ വീ ചാനല്‍ സംരംഭം വരുന്നു എന്ന വാര്‍ത്ത ഒരു പ്രമുഖ മലയാള പത്രത്തില്‍ (മുനീര്‍) 'പ്ലാന്റ്' ചെയ്തത്.".. ചെയര്മാന് പദവി തട്ടിയെടുക്കാന്‍ മുനീര്‍ കളിച്ച കളികള്‍ പച്ചയായി വിവരിക്കുന്നുണ്ട് ഹസ്സന്. മുനീര്‍ക്ക, ഇതൊക്കെ ശരിയാണോ മുനീര്‍ക്കാ?..
ചാനലിനു പണം സമാഹരിക്കാന്‍ പീ വീ അബ്ദുല്‍ വഹാബിനെ കാണാന്‍ ഹസ്സന് പോയി.. "കാര്യശേഷി കുറഞ്ഞ മുനീറിനെ വെച്ചു വന്‍ സാമ്പത്തികം ആവശ്യമായ ഇത്തരമൊരു സാഹസത്തിനു താനില്ലെന്ന് അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞു".. ഹസ്സന്റെ വെടികള്‍ എവിടെയൊക്കെയാണ് കൊള്ളുന്നത് എന്ന് നോക്കിയേ...
ഇനി വരുന്നത് നാടന്‍ തോക്കിലെ ഉണ്ടയല്ല, ശരിക്കും എ കെ ഫോര്‍ട്ടി സെവെന്‍.. "31 കോടി സഞ്ചിത നഷ്ടമുള്ള സ്ഥാപനത്തില്‍ ചെയര്മാന് അര ലക്ഷം രൂപ ശമ്പളം പറ്റുന്നു. എന്നിട്ട് ചാനലിലെ ജീവനക്കാര്‍ക്ക് വിശപ്പടക്കാന്‍ അയല്ക്കാരന്റെ മാവിനെ ആശ്രയിക്കേണ്ടി വന്നതിനെപ്പറ്റി മാലോകരെ അറിയിക്കുന്നു" ഞങ്ങളീ കേള്‍ക്കുന്നത് ശരിയാണോ മുനീര്‍ സാഹിബ്? ജീവനക്കാര്‍ പട്ടിണി കിടക്കുമ്പോള്‍ അര ലക്ഷം മാസ ശമ്പളം താങ്കള്‍ പറ്റുന്നുണ്ടോ?.. അതോ ഇതൊക്കെ ഇതിയാന്റെ വെറും ഉണ്ടായില്ല വെടികളോ ?.".
ഹസ്സന് ചേളാരി എഴുതുന്നതെല്ലാം അപ്പടി വിഴുങ്ങുവാന്‍ നമുക്കാവില്ല. ഇങ്ങനെ ഒരാള്‍ ഇന്ത്യാവിഷന് പിറകില്‍ ഉണ്ടെന്നത് തന്നെ ഡോ: മുനീറിന്റെ ലേഖനം വായിച്ചപ്പോളാണ് മാലോകര്‍ അറിയുന്നത്. (പുള്ളിക്ക് പബ്ലിസിറ്റി ഉണ്ടാക്കി കൊടുത്തത് മുനീര്‍ സാഹിബ് തന്നെ.. തല വര നോക്കണേ... ) എങ്കിലും ഒരു കാര്യം ഉറപ്പാണ്. മുനീര്‍ സാഹിബ് പറഞ്ഞ കാര്യങ്ങളും അപ്പടി വിഴുങ്ങാന്‍ കുറച്ചു പ്രയാസമുണ്ട്. എവിടെയൊക്കെയോ ചില കല്ല് കടികള്‍. ഹസ്സന് ചേളാരിയെ വെറും വില്ലനെന്നു പറഞ്ഞു തള്ളാനാവില്ല.
കുടുംബ ചാനല്‍ തുടങ്ങാനാണ് താന്‍ ഇറങ്ങിപ്പുറപ്പെട്ടത് എന്ന് ഹസ്സന്ക പറയുന്നുണ്ട്. പക്ഷെ ഒരു വാര്‍ത്താ ചാനല്‍ ആയാണ് അത് പുറത്തു വന്നത്. ചെയര്മാന് ആകാനായിരുന്നു ഉള്ളിലെ പൂതി. ഇപ്പോള്‍ പടിക്ക് പുറത്തായി. 'എറിഞ്ഞത് മാങ്ങക്ക്, കൊണ്ടത് തേങ്ങക്ക്, വീണത് കുമ്പളങ്ങ' എന്ന് പറഞ്ഞത് പോലെ ഹസ്സന്കായുടെ ഒരു പ്ലാനിങ്ങും ശരിയാം വണ്ണം നടന്നിട്ടില്ല. മാത്രമല്ല പൊതുവേ സ്വഭാവദൂഷ്യമോ വഞ്ചനയോ ആരും ആരോപിച്ചിട്ടില്ലാത്ത ഡോ മുനീറിനെപ്പോലെ ഒരു സൌഹൃദ വ്യക്തിത്വത്തെ ശത്രുവാക്കി മാറ്റണമെങ്കില്‍ ഹസ്സന്കായുടെ കയ്യിലിരുപ്പും തനി തങ്കമാവാന്‍ ഇടയില്ല.. ഉവ്വോ..?..