Elbert Hubbard എന്ന അമേരിക്കന്‍ എഴുത്തുകാരന്റെ ഈ വാക്കുകള്‍ ഉദ്ധരിച്ചാണ് ഡോ : എം കെ മുനീര്‍ മാതൃഭൂമി വാരികയില്‍ "അസാധാരണമായ" ഒരു ലേഖനമെഴുതുന്നത്. (ലക്കം ഒക്ടോബര്‍ 11-17) "കാത്തിരിക്കുന്നവനിലേക്ക് നീതി വരും, വൈകിയാണെങ്കിലും" എന്ന Austin O' Malley യുടെ വാക്കുകള്‍ ഉദ്ധരിച്ചു തനിക്കു നീതി ലഭിക്കുന്ന ഒരു ദിവസം വരുമെന്ന പ്രതീക്ഷയോടെയാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്. ഈ രണ്ടു ഉദ്ധരണികള്‍ക്കിടയില്‍ പറയുന്നത് ഇന്ത്യാവിഷന്‍ ചാനല്‍ തുടങ്ങി പുലിവാല് പിടിച്ച കഥയാണ്.
ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, മനോരമ .. കേരളത്തിലെ ഈ മുന്‍നിര ടീ വി ചാനലുകളില്‍ കേമനാര് എന്ന ചോദ്യത്തിന് വിവിധ റേറ്റിംഗ് കണക്കുകളെ അടിസ്ഥാനമാക്കി വ്യത്യസ്തമായ ഉത്തരങ്ങള്‍ കിട്ടിയേക്കും. പക്ഷെ ദിവസക്കൂലിക്കാരായ നിരവധി സാധാരണക്കാരുടെ പണം കൊണ്ട് കൂടി ഉണ്ടാക്കപ്പെട്ട ഒരു ചാനല്‍ എന്ന നിലക്ക് ഇന്ത്യാവിഷന് മറ്റു രണ്ടു ചാനലുകളില്‍ നിന്നും വ്യത്യസ്തമായ ഒരു ജനകീയാടിത്തറയുണ്ട്. കൈരളി ചാനലിനും ഇത് അവകാശപ്പെടാമെങ്കിലും ഏകപക്ഷീയ വാര്‍ത്തകളുടെ ഒരു പരിമിത വൃത്തം അതിന്റെ നിഷ്പക്ഷാടിത്തറയെ ദുര്‍ബലപ്പെടുത്തുന്നുണ്ട് എന്ന് പറയാതെ വയ്യ.
പണം മുടക്കിയവരുടെ താല്പര്യങ്ങള്‍ വാര്‍ത്തകളില്‍ പ്രതിഫലിച്ചില്ല എന്ന് മാത്രമല്ല അവരുടെ താല്പര്യങ്ങള്‍ക്കെതിരായിക്കൂടി വാര്‍ത്തകള്‍ വന്നു എന്നതാണ് ഇന്ത്യാവിഷനെ റേറ്റിങ്ങിലും വിവാദങ്ങളിലും പിടിച്ചു നിര്‍ത്തിയത്. കടിച്ചിറക്കിയ വേദനകളുടെയും മാനസിക സംഘര്‍ഷങ്ങളുടെയും ഒരുവേള നിസ്സഹായാവസ്ഥകളുടെയും സത്യസന്ധമായ വെളിപ്പെടുത്തല്‍ നടത്തുക വഴി ഡോ മുനീര്‍ ഒരു രാഷ്ട്രീയക്കാരന്റെ മേക്കപ്പില്ലാത്ത മുഖമാണ് കാണിക്കുന്നത്.
"ടീവിയില്‍ റെജീനയുടെ പുലമ്പലുകള്‍, സ്തംഭിച്ചു പോയി, കുഞ്ഞാലിക്കുട്ടി സാഹിബുമായുള്ള ദീര്‍ഘ കാല ബന്ധവും തലേന്ന് നടന്ന സമാഗമവും മനസ്സില്‍ മിന്നി മറഞ്ഞു. ആകെ ഒരവ്യക്തത, എന്ത് ചെയ്യണമെന്നറിയാതെ കുറെ നിന്നു" തികച്ചും വൈകാരികമായ ഇത്തരം മുഹൂര്‍ത്തങ്ങള്‍ മുതല്‍ പട്ടിണിയിലായ ഇന്ത്യാവിഷന്‍ ജീവനക്കാര്‍ ഓഫീസിലെ ടെറസിനു മുകളിലെ മാങ്ങ പറിച്ചു തിന്നു വിശപ്പടക്കുന്നത് വരെ ഡോ: മുനീര്‍ വിവരിക്കുന്നുണ്ട്. (ഇപ്പോഴും ജീവനക്കാര്‍ മാങ്ങ പറിച്ചു തിന്നു തന്നെയാണോ വിശപ്പടക്കുന്നത് എന്ന് വ്യക്തമല്ല . നികേഷിന്റെയും മറ്റും രൂപം കണ്ടിട്ട് മാങ്ങ തിന്നു ജീവിക്കുന്ന മട്ടില്ല. !!) ഇന്ത്യാവിഷന്റെ ലോഗോ പ്രകാശന ചടങ്ങില്‍ മുന്‍ നിരയില്‍ ഇരുന്ന തന്റെ ഉമ്മയെയും സഹോദരിയെയും എഴുനേല്‍പിച്ച് പിറകിലേക്ക് മാറ്റിയിരുത്തിയ ഹസ്സന്‍ ചേളാരിയെന്ന മുന്‍ലീഗ് പത്രപ്രവര്‍ത്തകനെക്കുറിച്ചും ഡോ. മുനീര്‍ എഴുതിയിട്ടുണ്ട് !!!.. (എന്തിനുള്ള പുറപ്പാടാണാവോ ?..)
വാര്‍ത്തകളുടെ കാര്യത്തില്‍ ഇടപെടില്ല എന്ന് എം വീ നികേഷ് കുമാറിനും സ്റ്റാഫിനും ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ കൊടുത്ത വാക്ക് റെജീന ചാനലില്‍ അഴിഞ്ഞാടിയ ദിവസം പോലും പാലിച്ചു എന്ന് സൂചിപ്പിക്കുന്നിടതാണ് ഇതൊരു അസാധാരണമായ ലേഖനമാകുന്നത്. രാഷ്ട്രീയ ഭാവിയെയും അതിലെ വരും വരായ്കകളെയും ചിന്തിക്കാതെ മനസ്സാക്ഷിയോട് സത്യസന്ധത പുലര്‍ത്താന്‍ ശ്രമിച്ച ഒരു സാധാരണക്കാരന്റെ ചിത്രമാണ് ഡോ: മുനീര്‍ വരച്ചിടുന്നത്. വിവാദങ്ങള്‍ ചുട്ടെടുത്തും കത്തിച്ചുണ്ടാക്കിയും വാര്‍ത്തകളില്‍ ഇന്ത്യാവിഷനെ നിറച്ചു നിര്‍ത്തി നികേഷും സഹപ്രവര്‍ത്തകരും ചിരിച്ചപ്പോഴും ഒരു മാധ്യമ (മാദ്ധ്യമമെന്നും പറയാം കെട്ടോ..!!) മുതലാളിയുടെ ചാട്ടവാര്‍ വീശിയടിച്ചില്ല ഡോ: മുനീര്‍. പകരം മന:സംഘര്‍ഷങ്ങള്‍ ഉള്ളിലൊതുക്കി കണ്ണുകളില്‍ നിന്നു രക്തം വരുന്നത് വരെ കരഞ്ഞു തീര്‍ത്തു..!! (ഒരു ചാനല്‍ നടത്തി കൊണ്ട് പോകാനുള്ള പുകിലുകള്‍ നോക്കണേ.. ) ടൈയ്യും കെട്ടി വാര്‍ത്ത വായിക്കുന്നവന് ഇതൊന്നും അറിയേണ്ടല്ലോ, അവനു മാങ്ങ തിന്നു ജീവിച്ചാല്‍ മതിയല്ലോ.
ഒരു കാര്യം ഉറപ്പാണ്. ഈ ലേഖനം വഴി മറ്റൊരു പുകിലാണ് മുനീര്‍ സാഹിബ് തലയില്‍ കയറ്റിയിരിക്കുന്നത്. ഒരു പാട് പേരോട് മറുപടി പറഞ്ഞു കുഴങ്ങും. തനിക്കോ പാര്‍ട്ടിക്കോ തൊഴിലാളികള്‍ക്കോ ഓഹരി ഉടമകള്‍ക്കോ ആര്‍ക്കും ഒരുപകാരവും ഈ ചാനല്‍ കൊണ്ട് ഇല്ലെങ്കില്‍ പിന്നെയെന്തിന് ഈ വയ്യാവേലിക്ക് നിന്നു?. വാര്‍ത്തകള്‍ എങ്ങനെ വരണമെന്ന് പോലും തീരുമാനിക്കാന്‍ കഴിയാതെ കത്തിയും കഴുത്തുമൊക്കെ ആരാനെ ഏല്പിച്ചു സാമ്പത്തികം എന്ന മരക്കുരിശ് മാത്രം ചുമലില്‍ എല്ക്കുവാന്‍ ആര് പറഞ്ഞു?. ചോദ്യങ്ങള്‍ നിരവധിയുണ്ടാവും.
(പിന്‍കുറിപ്പ്: ഡോ: മുനീറിന് മറുപടിയുമായി ഹസ്സന്‍ ചേളാരിയും മറ്റും മാതൃഭൂമിയുടെ പുതിയ ലക്കത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗള്‍ഫിലായതിനാല്‍ കോപ്പി കിട്ടാന്‍ വൈകും. അത് വായിച്ചു കഴിഞ്ഞിട്ട് വല്ലതും പറയണമെന്ന് തോന്നിയാല്‍ അപ്പോള്‍ പറയാം.)
For latest update of this story Click here ഇന്ത്യാവിഷന്‍ : ഇപ്പോള്‍ ചിരിക്കുന്നത് കുഞ്ഞാലിക്കുട്ടി