
ലോകത്ത് സമാധാനം ഉണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കും അതിനു ആപ്പ് വെച്ചവര്‍ക്കുമൊക്കെ നോബല്‍ സമ്മാനം കിട്ടിയിട്ടുണ്ട്. കാര്യമെന്തായാലും ഒബാമ ലോക സമാധാനത്തിനു ആപ്പ് വെച്ചിട്ടില്ല. ചില ശ്രമങ്ങളൊക്കെ നടത്തുന്നുമുണ്ട്. എട്ടു വര്ഷം ഭരിച്ചു ലോകമാകെ കുട്ടിച്ചോറാക്കിയ ബുഷിനെ അപേക്ഷിച്ചു നോക്കിയാല്‍ 916 സ്വര്‍ണമാണ് ഒബാമ . എന്നാലും ഈ സമ്മാനം അസമയത്തല്ലേ എന്നൊരു തോന്നല്‍..

ഓടാന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ സ്വര്‍ണ്ണപ്പതക്കം കഴുത്തിലിട്ട് കൊടുത്താല്‍ ആരെങ്കിലും ഓടുമോ?. സ്വീഡിഷ് അക്കാദമിക്കാരന്റെ ഉള്ളിലിരുപ്പില്‍ എനിക്ക് സംശയമുണ്ട്. നോബല്‍ സമ്മാനം കൊടുത്തു ഒബാമയെ മൂലക്കിരുത്താനുള്ള ശ്രമമാണോ ഇത്?. സമ്മാനമൊക്കെ കിട്ടിയ സ്ഥിതിക്ക് അത് ഷോ കേസില്‍ വെച്ച് ഇനി വേറെ വല്ല ഫീല്‍ഡിലും ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് ഒബാമക്ക് തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല.
ലോകത്ത് സമാധാനം ഉണ്ടാക്കാനുള്ള ഒബാമയുടെ നല്ല മനസ്സിന് ഒരു പ്രോത്സാഹനം ആയാണ് അക്കാദമി ഇപ്പോള്‍ സമ്മാനം കൊടുത്തതെങ്കില്‍ ഒരു കാര്യവും കൂടെ അവര്‍ ചെയ്യണം. ഇതിനേക്കാള്‍ വലിയൊരു സമ്മാനം ഇനി ബാക്കിയുണ്ടെന്ന് ഉടന്‍ പ്രഖ്യാപിക്കണം. പ്രഖ്യാപിച്ചു വെച്ചാല്‍ മാത്രം മതി. (മിക്കവാറും കൊടുക്കേണ്ടി വരില്ല). ഒരു സമ്മാനവും കൂടെ കിട്ടാനുണ്ടല്ലോ എന്നൊരു തോന്നല്‍ ഒബാമയ്ക്കും അങ്ങേര്‍ എന്തെങ്കിലും ചെയ്യുമെന്നൊരു തോന്നല്‍ നമുക്കും ഉണ്ടാവുന്നത് നല്ലതാണ്. യേത് ?..