
കഷണ്ടിക്കും അസൂയക്കും മരുന്നില്ല എന്നാണല്ലോ പഴമൊഴി. ഗള്‍ഫ് ഗേറ്റ് വന്ന ശേഷം കഷണ്ടിയെ ഈ വകുപ്പില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അസൂയക്ക് ഇത് വരെ ആരും ഗള്‍ഫ് ഗേറ്റ് കണ്ടു പിടിച്ചിട്ടുമില്ല. പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കാന്‍ സ്വന്തമായി കാശില്ലാത്ത എംപി മാരാണ് തരൂരിനെതിരെ അസൂയ വാളുമായി വന്നിരിക്കുന്നത്.
"പതിമൂന്നു സംസ്ഥാനങ്ങളിലെ 240 ജില്ലകളില്‍ ഈ വര്ഷം കൊടിയ വരള്‍ച്ചയാണ്, ഇത്തരമൊരു അവസ്ഥയില്‍ ഒരാള്ക്കെങ്ങിനെ താജില്‍ കഴിയാന്‍ പറ്റും?" എന്നാണു ഒരു തൊഴിലാളി എംപിയുടെ ചോദ്യം. കുളിര് കോരുന്ന ചോദ്യം തന്നെ. പക്ഷെ ഈ ചോദ്യം ചോദിച്ച എംപിയോട് തിരിച്ചു ചില ചോദ്യങ്ങളുണ്ട്. 240 ജില്ലയില്‍ ആളുകള്‍ വരള്‍ച്ച കൊണ്ട് എരിപിരി കൊള്ളുമ്പോള്‍ നിങ്ങള്‍ക്കെങ്ങിനെ എസീ കോച്ചില്‍ യാത്ര ചെയ്യാന്‍ കഴിയുന്നു?. ഇരുപതു രൂപയില്‍ താഴെ ദിവസ വരുമാനവുമായി ഇന്ത്യയിലെ ദരിദ്ര നാരായണന്മാര്‍ ആകാശം നോക്കിയിരിക്കുമ്പോള്‍ ഒരു സിറ്റിങ്ങിനു ആയിരക്കണക്കിന് രൂപ ബത്ത വാങ്ങാന്‍ താങ്കള്‍ക്കെങ്ങിനെ കഴിയുന്നു? ഉത്തരേന്ത്യന്‍ ഗ്രാമീണര്‍ കാള വണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ചിലവില്‍ ഫസ്റ്റ് ക്ലാസ്സ് വിമാന യാത്ര നടത്തുമ്പോള്‍ മനസ്സില്‍ വല്ലതും തോന്നാറുണ്ടോ? ഇതൊക്കെ താങ്കള്‍ അടക്കമുള്ള 545 എംപിമാര്‍ക്ക് ചെയ്യാമെന്കില്‍ സ്വന്തം കാശ് കൊടുത്തു താജില്‍ താമസിക്കാന്‍ തരൂര്‍ജിക്കും അവകാശമുണ്ട്. മൂത്രം കുടിച്ചിട്ട് ഇഞ്ചിപ്പച്ചടി തൊട്ടുകൂട്ടരുത് സഖാവേ..

15 കോടി ആസ്തിയുന്ടെന്നാണ് തരൂര്‍ജി ഇലക്ഷന്‍ കമ്മീഷന് എഴുതിക്കൊടുത്ത്തത്. താജിലെ ദിവസ വാടക നാല്പതിനായിരത്തിന് പുറമേ മസ്സാജ്, പന്നിയിറച്ചി, സ്റ്റീം ബാത്, തുടങ്ങിയ ആവറേജ് പഞ്ചനക്ഷത്ര ശീലങ്ങള്‍ ഉണ്ടെങ്കില്‍ അതിനു ഒരു നാല്‍പതിനായിരം വേറെയും വേണം. തട്ട് കടയില്‍ നിന്ന് സോഡാ സര്‍വതും ഓംലെറ്റും തിന്നാനുള്ള പണത്തിനു പുറമെയാണിത് . ദിവസം എന്പത്തയ്യായിരം കളിയില്ലാതെ പോകുമെന്നര്‍ത്ഥം. അക്കണക്കിന് നൂറു ദിവസത്തിന് ഇതുവരെ ഒരു കോടിക്കടുത്തു ചിലവാക്കി കാണണം. ഇങ്ങനെ നാലോ അഞ്ചോ വര്ഷം തുടര്‍ച്ചയായി താജില്‍ കഴിഞ്ഞാല്‍ ഇലക്ഷന്‍ കമ്മീഷന് എഴുതി ക്കൊടുത്ത പണത്തിന്റെ ഉരുപ്പടികളൊക്കെ ബ്ലേഡുകാരന്‍ കൊണ്ട് പോയി കഴിഞ്ഞിരിക്കും. കയ്യിലെ കാശ് തീര്നാല്‍ തരൂരെന്നല്ല മുകേഷ് അംബാനിയാണേലും താജില്‍ നിന്നറിങ്ങി ശ്രീ കൃഷ്ണ ലോഡ്ജില്‍ മുറി കിട്ടുമോ എന്നന്വേഷിക്കും. അത്രയും കാത്തിരിക്കാനുള്ള ക്ഷമ ഇല്ലാത്തത് കൊണ്ടാണ് ആളുകള്‍ തരൂര്‍ജിയുടെ മെക്കട്ട് കയറുന്നത്.
അവസാനിപ്പിക്കാം. ധൂര്‍ത്തും ആഡംബരവുമൊക്കെ കണക്കാക്കുന്നത് ഓരോരുത്തരുടെ കയ്യിലെ പണത്തിന്റെ അളവ് വെച്ചാണ്. ആഫ്രിക്കയില്‍ ആളുകള്‍ പട്ടിണി കിടക്കുന്നു എന്ന് വെച്ച് ബില്‍ ഗേറ്റ്സ് വള്ളിക്കുന്നിലെ കുഞ്ഞിരാരുവിന്റെ തട്ടുകടയില്‍ നിന്ന് പുട്ടും കടലയും കഴിക്കണമെന്ന് പറഞ്ഞാല്‍ അത് ശുദ്ധ ഫ്രോഡാണ്. അയാളുടെ നിലവാരമനുസരിച്ച് ഒരു നേരത്തെ ഭക്ഷണത്തിന് ആയിരം ഡോളര്‍ ചിലവാക്കിയാലും ധൂര്തെന്നു പറയാന്‍ ആവില്ല. എന്നാല്‍ അതെ പണം ഒരു നേരത്തെ ഭക്ഷണത്തിന് ഞാന്‍ ചിലവാക്കിയാല്‍ എന്നെ ഉടനെ ഊളമ്പാറയില്‍ എത്തിക്കണം.
ഇത്രയും കാശ് ദിവസേന പൊടി പൊടിക്കുന്ന തരൂര്‍ജിയുടെ വക്കാലത്തുമായി വരുകയല്ല എന്റെ ഉദ്ദേശം. പക്ഷെ തരൂരിന്റെ മെക്കട്ട് കയറി പുണ്യവാളന്മാര്‍ ചമയുന്ന മറ്റു എംപീ മാരുടെ ഫ്രോഡ് പണി കാണുമ്പോഴുള്ള ചൊറിച്ചില്‍ മാറ്റാനാണ് ഇത്രയും എഴുതിയത്. ലോക സമസ്താ സുഖിനോ ഭവന്തൂ ..