
അമേരിക്കക്കാരന്റെ കമ്പ്യൂട്ടര്‍ ആളുകളുടെ പേര് നോക്കിയാണ് സുരക്ഷ പരിശോധന നടത്തുന്നതും ക്ലിയറന്‍സ് കൊടുക്കുന്നതും. ജോണി, ടോണി, മുരുകന്, കാര്‍ത്യായനി, പുളിമൂട്ടില്‍ ഔസേപ്പ്, കുഞ്ഞാലി, വീരപ്പന്, ബിന്‍ ലാദിന് .. അങ്ങനെയുള്ള ഏത് പേര് വന്നാലും കമ്പ്യൂട്ടര്‍ ഇളിച്ചോണ്ടിരിക്കും. എന്ന് വെച്ചാല്‍ ഗ്രീന്‍ ചാനലിലൂടെ പോകാമെന്ന്. ഷാരൂഖ് ഖാന്, ആമിര്‍ ഖാന്, സൈഫ് അലി ഖാന്, ഫര്‍ദീന്‍ ഖാന്, ജിയ ഖാന് , ഫിറോസ് ഖാന് ഇതില്‍ ഏത് ഖാന് ആയാലും കമ്പ്യൂട്ടര്‍ ഏറു കൊണ്ട പട്ടിയെ പോലെ ഒരു പ്രത്യേക ശബ്ദമുണ്ടാക്കും. (സല്മാന് ഖാന് ഒഴികെ. അയാള്‍ നായകനാണേലും വില്ലന്റെ കയ്യിലിരുപ്പാ.. അത് കൊണ്ട് ഗ്രീന്‍ ചാനല്‍. ) കമ്പ്യൂട്ടര്‍ കുരച്ചാല്‍ പിന്നെ ഒരടി മുന്നോട്ട് വെക്കാന്‍ സമ്മതിക്കില്ല. ബനിയന്, സോക്സ്, അണ്ടര്‍ വെയര്‍, എന്ന് വേണ്ട ഓവര്‍കോട്ട് വരെ അഴിപ്പിക്കും... പേരില്‍ ഖാന് ഇല്ലെങ്കില്‍ അവന്റെ കയ്യില്‍ ആറ്റം ബോംബുണ്ടയാലും കുഴപ്പമില്ല. സെപ്ടംബര്‍ 11ന് ന്യൂയോര്‍ക്കില്‍ എത്തിയ സകലരെയും ഇതേ പോലെ പരിശോധിച്ചതാണ്. പക്ഷെ പേരില്‍ ഖാന് ഇല്ലാത്തത് കൊണ്ട് വെറുതെ വിട്ടു.

ഇനി മര്യാദക്ക് ജീവിച്ചു പോകണമെങ്കില്‍ ഷാരൂഖ് ഖാന് രണ്ടാലൊന്ന് തീരുമാനിക്കണം. മേലാല്‍ അമേരിക്കയില്‍ പോകാതിരിക്കുക, അല്ലേല്‍ പേര് മാറ്റുക. ഷാരൂഖ് ഷെട്ടി, ഷാരൂഖ് കപൂര്‍, ഷാരൂഖ് കപാഡിയ, ഷാരൂഖ് ദേവഗണ്‍, ഷാരൂഖ് കെ നായര്‍, ഷാരൂഖ് തോട്ടുങ്കല്‍ .. ഇതില്‍ ഏത് തിരഞ്ഞെടുത്താലും കുഴപ്പമില്ല. അങ്ങനെയാണ് എന്റെ ചിന്ത പോയത്. പക്ഷെ പുള്ളി നേരെ തല തിരിച്ചാണ് കാര്യങ്ങള്‍ കാണുന്നത്. പേര് മാറ്റുന്നില്ലെന്ന് മാത്രമല്ല , അതൊന്നു കൂടി സിമന്റിട്ട് ഉറപ്പിക്കാന്‍ പോവുകയുമാണത്രേ. അടുത്ത പടത്തിന് പേരിട്ടു കഴിഞ്ഞു My name is Khan !!!.. ഷൂട്ടിംഗ് അങ്ങ് അമേരിക്കയിലും..!!! ഷാരൂഖാരാ മോന് ?..