നൈജീരിയന്‍ ഈമെയിലും മലയാളിപൊട്ടനും

നൈജീരിയക്കാരന്റെ ഇമെയില്‍ കണ്ടു ബര്‍കിനോഫാസയിലേക്ക് നാല്പതു ലക്ഷം അയച്ചു കൊടുത്തു ഒരു മലയാളി പൊട്ടന്‍. മലയാളികളില്‍ ഇത്തരം പോഴത്തക്കാര്‍ ഉണ്ടാവില്ല എന്നായിരുന്നു എന്റെ ധാരണ. പീ കെ ഷെരീഫ്‌ അത് തെറ്റാണെന്ന് തെളിയിച്ചു. ആള്‍ പൊട്ടനാണെങ്കിലും പോലീസില്‍ പരാതി പറയാനുള്ള ധൈര്യം കാണിച്ചു. പ്രതിയെ പിടിക്കാനുള്ള മിടുക്ക് നമ്മുടെ പോലീസും കാട്ടി. ആഫ്രിക്കയില്‍ നിന്നും ചുളുവിനു കാശടിച്ചു കോടീശ്വരന്‍ ആയിക്കളയാമെന്ന് മോഹിച്ചാണ് ഈ 'എന്‍ ആര്‍ ഐ മലയാലി' കാശ് കൊടുത്തത്. ഇത്തരക്കാരുടെ കാശ് പോകുന്നതില്‍ എനിക്ക് പെരുത്ത്‌ സന്തോഷമാണ്. പോയാലേ ഇവറ്റകള്‍ പഠിക്കൂ..


ആഫ്രിക്കയിലെ ഏതോ ഒരു കോടീശ്വരന്‍ (അവിടെയും കോടീശ്വരന്‍മാരോ?) നാല്പത്തിയഞ്ച് മില്യണ്‍ ഡോളര്‍ തലയണക്കടിയില്‍ വെച്ച് ചത്തു. അത് ഞാന്‍ നിങ്ങളുടെ അക്കൌണ്ടില്‍ ഇടാം. അതിന്റെ ചിലവുകളിലേക്ക് ആയിരം ഡോളര്‍ അയച്ചു തരണം എന്നൊക്കെ ഇമെയില്‍ വന്നാല്‍ കാശ് അയച്ചു കൊടുക്കുന്നവനെ നമ്മള്‍ എന്തോ വിളിക്കണം?. പൊട്ടനെന്നു വിളിച്ചാല്‍ പൊട്ടന്മാര്‍ കേസ് കൊടുക്കില്ലേ.

ഇപ്പോള്‍ വരുന്ന മെയിലുകള്‍ വേറെ തരത്തിലാണ്.

"എന്റെ പേര് റോസി, 
21 വയസ്സ്, വെളുത്ത് സുന്ദരി,
ഞാന്‍ ഇപ്പോള്‍ ആഫ്രിക്കയിലെ കോത്താഴത്താണ് താമസം. 

എന്റെ വടിയായിപ്പോയ അപ്പൂപ്പന്റെ പേരില്‍ അറുപതു മില്യണ്‍ ഡോളര്‍ ഉണ്ട്. അത് പുഴുങ്ങി തിന്നാന്‍ ഇവിടെ ആളില്ല. ഞാന്‍ ഇന്ത്യയിലേക്ക്‌ വന്നു നിങ്ങളുടെ കൂടെ കഴിയാം. 

നിങ്ങള്‍ സുന്ദരനാണോ?.. ഇല്ലേലും കുഴപ്പമില്ല , ഇന്ത്യയില്‍ പ്രസവിക്കാനും കുട്ടികളെ വളര്‍ത്താനും എനിക്ക് കൊതിയാവുന്നു. വീട് ചെറുതാണേലും സാരമില്ല, ഞാന്‍ വരാന്തയില്‍ കിടന്നോളാം. നിങ്ങളുടെ അക്കൌണ്ട് നമ്പര്‍ തന്നാല്‍ ഞാന്‍ ഈ പണം ആ നമ്പരിലേക്ക് പണ്ടാരമടക്കാം. നമ്പര്‍ തരില്ലേ പൊന്നേ.. ?

എന്റെ ഫോട്ടോ ഇതോടൊപ്പമുണ്ട്. കണ്ടാല്‍ ഹോളിവുഡ് നടിയെപ്പോലെ ഇല്ലേ. ഇന്നലെ ഉറങ്ങി എണീറ്റ ഉടനെ എടുത്തതാണ്. ശരിക്കും ഇതിന്റെ ഇരട്ടി സൌന്ദര്യം ഉണ്ട്. പിന്നെ, ഒരു കാര്യം. അറുപതു മില്യണ്‍ ഡോളര്‍ അങ്ങയുടെ പേരില്‍ ചാമ്പുവാന്‍ ബാങ്ക് ചിലവുകളിലേക്ക് ഉടനെ 500 ഡോളര്‍ ഈ നമ്പരില്‍ അയക്കണം.

എന്ന് സ്വന്തം റോസി "

ഞരമ്പ്‌ രോഗം അതിന്റെ അങ്ങേത്തലക്കല്‍ എത്തിയാല്‍ കിഡ്നി വര്‍ക്കു ചെയ്യില്ല. അപ്പോള്‍ 500 അല്ല 1000 ഡോളറും അയച്ചു കൊടുക്കും. കൊടുത്തു കൊടുത്തു ഒരു നാല്പതു ലക്ഷം കയ്യീന്ന് പോയാല്‍ ഫ്യൂസ് ആയ കിഡ്നി ഇടക്കൊന്നു മിന്നി കത്തും. അങ്ങിനെ കത്തിയതാണ് നമ്മുടെ ഷെരീഫിന്റെ കിഡ്നി. 

 പിടിയിലായ കഴുവേറിയുടെ നോട്ടം കണ്ടില്ലേ.. 
കണ്ണ് പിന്നെയും കോഴിക്കൂട്ടിലേക്കാണ് .. ജാഗ്രതൈ..