കണ്ടറിഞ്ഞത് .. കൊണ്ടറിഞ്ഞത്.. (1)
വള്ളിക്കുന്ന് സി ബി ഹൈസ്കൂള്‍ .. പത്താം തരം എ ഡിവിഷനില്‍ ക്ലാസ് എടുത്തു കൊണ്ടിരിക്കുകയാണ് ഞാന്‍.. പുതുതായി വന്ന അധ്യാപകന് എന്ന നിലക്കുള്ള സകല ആരംഭ ശൂരത്വവും ഉണ്ടായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. നോട്ട് കൊടുക്കുന്നു, ബോര്‍ഡില്‍ എഴുതുന്നു, ചോദ്യം ചോദിക്കുന്നു, ചിലര്‍ക്ക് അടി കിട്ടുന്നു.. 'തിരോന്തരം' ഭാഷയില്‍ പറഞ്ഞാല്‍ നല്ല പൊളപ്പന്‍ ക്ലാസ്.. .
അമ്പതോളം കുട്ടികളില്‍ പകുതിയിലേറെയും പെണ് കുട്ടികളാണ്. കല്യാണം കഴിക്കാത്ത പുതിയ അദ്ധ്യാപകന് ആയതിനാല്‍ മുതിര്‍ന്ന ക്ലാസ്സുകളില്‍ അല്പം ഗൌരവത്തോടെ ഇരിക്കണമെന്ന് ഹെഡ് മാസ്റ്റര്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. കുട്ടികളോട് കൊഞ്ചാനും കുഴയാനും പാടില്ല, സ്ട്രിക്ട് ആയിരിക്കണം. അല്ല്ലെങ്കില് പെണ് പിള്ളേര് തലയില്‍ മാത്രമല്ല, പലയിടത്തും കയറും.. ആണ് പിള്ളേര് ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട, മൂക്ക് കൊണ്ട് ക്ഷ്ഷ വരപ്പിക്കും .. ഇത്യാദി ഉപദേശങ്ങളൊക്കെ ചെവി കൊണ്ട് നീങ്ങിയതിനാല്‍ തുടക്കത്തിലെ തന്നെ കുട്ടികളെ 'അണ്ടര്‍ കണ്ട്രോള്' ആക്കാന്‍ എനിക്കായിരുന്നു.
അപ്പോള്‍ പറഞ്ഞു വന്നത് .. എന്റെ ക്ലാസ് പൊടി പൊടിച്ചു കൊണ്ടിരിക്കുന്നു. ചില ചോദ്യങ്ങള്‍ എഴുതാന്‍ കൊടുത്തു ഞാന്‍ മേശപ്പുറത്ത് ഇരുന്നതേയുള്ളൂ , മുന്‍ ബെഞ്ചില്‍ ഇരിക്കുന്ന ഒരു വിദ്വാന് എഴുന്നേറ്റ് എന്റടുത്ത് വന്നു.
ഹും .. എന്താടാ .. ഉത്തരം കിട്ടുന്നില്ലേ..
അതല്ല സാര്‍
ങും.. .. പിന്നെ.. ?
പയ്യന്‍സ് ഒന്നും മിണ്ടുന്നില്ല..
എനിക്ക് കലി കയറി..
ഇളിക്കാതെ കാര്യം പറയെടാ.
അവനു വീണ്ടും മൌനം. നല്ല പോലെ പഠിക്കുന്ന പയ്യനായതിനാല്‍ അടിക്കാന്‍ തോന്നുന്നില്ല, വടി എന്റെ കയ്യില്‍ കിടന്നു വിറച്ചു. മുഖം തക്കാളി പോലെ ചുവന്നു വന്നു.
സാര്‍,, ങ്ങ് .. ങും..
അവന് പിറകിലെ കുട്ടികളെ നോക്കുന്നു.. വാക്കുകള്‍ ഇടറുന്നു..
എനിക്കെന്തോ പന്തികേട് തോന്നി.. പയ്യന് കക്കൂസില്‍ പോകാന്‍ എങ്ങാനും ഉണ്ടോ.. പറയാന്‍ മടി ആയതിനാലാവണം.
ഞാന്‍ അവന്റെ ചെവിയില്‍ ചോദിച്ചു..
തൂറാന്‍ മുട്ടുന്നുണ്ടോടാ ..?
അതല്ല സര്,
പിന്നെ.. ?
അത് .. അത്.. സാറ് പാന്റിന്റെ സിബ്ബിട്ടിട്ടില്ല ..
രാംജിറാവുവില് ഇന്നസെന്റ് നോക്കുന്ന പോലെ ഞാന്‍ കീഴോട്ടു നോക്കി. ഷര്‍ട്ട് ഇന്‍സൈഡ് ചെയ്യാത്തതിനാല്‍ പെട്ടെന്ന് പുറത്ത് കാണുന്നില്ല.
അവനോടു ഇരിക്കാന്‍ പറഞ്ഞു വളിച്ച ചിരിയുമായി ഞാന്‍ ഒരുവിധം പുറത്തിറങ്ങി.. നോക്കുമ്പോള്‍ സംഗതി ശരിയാണ്.. സിബ്ബ് വാ പൊളിച്ചു നില്‍ക്കുകയാണ്.. ജട്ടി പുറത്ത് കാണുന്നുണ്ട്. പകുതി ആശ്വാസമായി.. ജട്ടി ഇടാന്‍ മറന്നിട്ടില്ലല്ലോ..
ഇത് നാലാമത്തെ പിരിയഡാണ്. അതില്‍ രണ്ടു പിരിയഡും ഞാന്‍ ക്ലാസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ പിരിയഡില്‍ ഒമ്പത് സി യിലെ ചില പെണ്പിള്ളേര് ഞാന്‍ ടേബിളില്‍ കാല് കയറ്റി ഇരുന്നപ്പോള്‍ അടക്കി ചിരിക്കുന്നത് കണ്ടിരുന്നു. പിള്ളേരല്ലേ, വല്ല തമാശയും പറഞ്ഞു കാണും എന്ന് കരുതി.. ഇപ്പോഴാണ് അതിന്റെ ഗുട്ടന്‍സ് പിടി കിട്ടിയത്.. ഛെ.. നാറ്റക്കേസായി..
ആ പയ്യനോട് എന്തെന്നില്ലാത്ത ആദരവ് തോന്നി. കുട്ടികള്‍ ആരായിരുന്നാലും ഇങ്ങനെ ഒരു സന്ദര്‍ഭം കിട്ടിയാല്‍ അത് ഉപയോഗപ്പെടുത്തുന്നതാണ്. കണിശക്കാരനായ അധ്യാപകന് ആണെങ്കില്‍ പ്രത്യേകിച്ചും.. അധ്യാപകരെ കളിയാക്കാന്‍ കിട്ടിയിരുന്ന ഒരവസരവും പാഴാക്കാതിരുന്ന എന്റെ പഠന കാലം ഞാന്‍ ഓര്‍ത്തു. . പല സംഭവങ്ങളും മനസ്സിലൂടെ ഓടി മറഞ്ഞു. പൊട്ടിച്ചിരിയുടെ ഒരു ലൈവ് ഷോയാണ് എന്റെ അഭിമാനം സംരക്ഷിക്കാനായി അവന് വേണ്ടെന്നു വെച്ചത്.. 'സംഗതി' കണ്ട ഉടനെ എന്റടുത്ത് വന്നു അത് പറയാന്‍ കാണിച്ച മനസ്സ് .. അതും മറ്റു കുട്ടികള്‍ അറിയാതെ എന്റെ കാതില്‍..
വര്‍ഷങ്ങള്‍ പതിനഞ്ചു കഴിഞ്ഞെങ്കിലും മുന്നില്‍ പരുങ്ങലോടെ വന്നു നിന്ന ആ കുട്ടിയുടെ മുഖം ഇന്നും മനസ്സിലുണ്ട് . ഞാന്‍ ശിഷ്യനും അവന് ഗുരുനാഥനുമായ നിമിഷങ്ങള്‍.. അവന് ഇപ്പോള്‍ എവിടെയാണാവോ ?..